ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കി ബിജെപി മുന്നേറുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 230 അംഗ മദ്ധ്യപ്രദേശ് നിയമസഭയിൽ 132 സീറ്റുകളിൽ നിലവിൽ ബിജെപിയാണ് മുന്നേറുന്നത്. 88 ഇടങ്ങളിലാണ് കോൺഗ്രസ് മുന്നേറ്റം.
രാജസ്ഥാനിൽ 199 അംഗ നിയമസഭയിൽ 116 ഇടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. 74 ഇടങ്ങളിൽ കോൺഗ്രസ് മുന്നേറുമ്പോൾ ഒരു സീറ്റിൽ സിപിഎം സ്ഥാനാർത്ഥിയാണ് മുന്നിൽ.
കോൺഗ്രസ് ജയം സ്വപ്നം കണ്ടിരുന്ന ഛത്തീസ്ഗഢിലും നിലവിൽ ബിജെപിയാണ് മുന്നേറുന്നത്. 46 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 42 സീറ്റുകളിലേക്ക് കോൺഗ്രസ് മുന്നേറ്റം ചുരുങ്ങുകയാണ്.
അതേസമയം തെലങ്കാനയിൽ 61 സീറ്റുകളിൽ കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്. ഭരണകക്ഷിയായ ബി ആർ എസ് 47 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.
നിലവിൽ അഭിപ്രായ സർവേകളെ പോലും കവച്ചു വെക്കുന്ന മുന്നേറ്റമാണ് ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി നേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മദ്ധ്യപ്രദേശിൽ ഭരണം കൈപ്പിടിയിൽ ഒതുക്കിയ ശേഷം അത് നിലനിർത്തുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. കൂടാതെ കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ ഭരണം പിടിക്കുന്ന നിലയിലാണ് ബിജെപി.
അഭിപ്രായ സർവേകളിൽ വിജയം പ്രവചിക്കപ്പെട്ടിരുന്ന ഛത്തീസ്ഗഢിൽ കൂടി കോൺഗ്രസ് പരാജയമടഞ്ഞാൽ ഉത്തര- മദ്ധ്യ ഭാരതത്തിൽ നിന്നും കോൺഗ്രസ് തുടച്ച് നീക്കപ്പെടും.
Discussion about this post