തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ പത്ത് ദിവസത്തെ അവധി ലഭിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെയാണ് പരീക്ഷകൾ നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകൾ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്.20ന് അടയ്ക്കുന്ന സ്‌കൂളുകൾ ഡിസംബർ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളിൽ അത് ബാധകമായിരിക്കും.
11 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കേരളത്തിലെ അവധി ദിവസങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാർത്ഥികൾക്ക്. ക്രിസ്മസിനും ഒമ്പത് ദിവസം മാത്രമാണ് കുട്ടികൾക്ക് അവധി ലഭിക്കുക. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒമ്പത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വർഷങ്ങളിൽ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്.
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളും ക്രിസ്മസ് അവധിയുടെ ഭാഗമായി ഈ മാസം 19ന് അടയ്ക്കും. ശേഷം ഡിസംബർ 30ന് തുറക്കും. സർവകലാശാല പഠനവിഭാഗങ്ങൾ 23-ന് വൈകീട്ട് അടച്ച് ജനുവരി മൂന്നിന് തുറക്കും. ക്രിസ്മസ് അവധിയെ തുടർന്ന് കേരള സർവകലാശാല 31-നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Discussion about this post