എറണാകുളം: തങ്ങളെക്കാൾ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം പ്രണയ രംഗങ്ങൾ അഭിനയിക്കേണ്ടി വന്നതിന്റെ പേരിൽ നിരവധി നടന്മാരാണ് വിമർശനങ്ങൾക്ക് വിധേയരായിട്ടുള്ളത്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുമെല്ലാം തങ്ങളെക്കാൾ വലിയ പ്രായവ്യത്യാസമുള്ള നായികമാർക്കൊപ്പം അഭിനയിച്ചതിന്റെ പേരിൽ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് നടൻ മോഹൻലാൽ. ബറോസ് സിനിമയുടെ ഭാഗമായി പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഇത്തരം വിമർശനങ്ങൾ ഒരു സൈക്കിൾ പോലെയാണെന്ന് മോഹൻലാൽ പറഞ്ഞു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. സിനിമാ രംഗം ആരംഭിച്ചത് മുതൽ ഇത്തരം വിമർശനങ്ങളും ഉണ്ട്. മലയാളം ഇൻഡസ്ട്രിയിൽ മാത്രമല്ല, തെലുങ്ക്, തമിഴ് എന്നീ രംഗങ്ങളിലും ഇതുണ്ട്. നിങ്ങൾക്ക് ആരോഗ്യം ഉണ്ടെങ്കിൽ 100 വയസ്സുവരെ സിനിമയിൽ അഭിനയിക്കാം. ഇതിൽ തീരുമാനം നിങ്ങളുടേത് മാത്രം ആയിരിക്കും. കഥാപാത്രം നല്ലതാണെന്ന് തോന്നിയാൽ അത് സ്വീകരിക്കുക. അല്ലെങ്കിൽ ഒഴിവാക്കുക. ആളുകൾ അതെല്ലാം അംഗീകരിക്കും. അത് അഭിനയം ആണ്. സിനിമയിൽ പ്രായമല്ല, നമുക്ക് ലഭിക്കുന്ന കഥാപാത്രത്തെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല. എല്ലാം സംഭവിക്കാനായി അനുവദിക്കാം. സംഭവിക്കുന്ന് കാര്യങ്ങളിൽ വിശ്വാസമുണ്ട്. എല്ലാം നല്ലതിനാണ്. നമ്മൾ അത് നടക്കാൻ അനുവദിച്ചാൽ മാത്രം മതി. എല്ലാം ഒരു ഒഴുക്കാണ്.
സമയം എന്നത് ഓടിക്കൊണ്ടേയിരിക്കും. എല്ലാം മാറിക്കൊണ്ടുമിരിക്കും. സാങ്കേതികരംഗം പ്രത്യേകിച്ച്. എല്ലാ ദിവസവും പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സിനിമയിലും മാറ്റം പ്രതിഫലിക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ വികാരങ്ങൾക്ക് മാറ്റം ഉണ്ടാകുകയില്ല. അത് എല്ലായ്‌പ്പോഴും നമ്മൾക്കൊപ്പം ഉണ്ടാകും. വികാരങ്ങളാണ് ഞാൻ വിശ്വസിക്കുന്നത് എന്നും മോഹൻലാൽ വ്യക്തമാക്കി.
Discussion about this post