റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമം കുറിക്കാനുള്ള യുഎസിന്റെ ശ്രമത്തിന്റെ ആദ്യ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത തല ചർച്ചകൾ നടന്നു. എന്നാൽ ഈ സംഭവവികാസത്തിൽ ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു കൗതുകകരമായ കാര്യവും നടന്നു. ഇന്ന് നടന്ന യുഎസ്-റഷ്യ ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ചത് സൗദി അറേബ്യ ആയിരുന്നു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചയ്ക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസുമായുള്ള തങ്ങളുടെ ബന്ധം ഊഷ്മളമാക്കാൻ ഉള്ള ശ്രമത്തിലാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് യുഎസ്-സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 2018-ൽ വാഷിംഗ്ടൺ പോസ്റ്റ് പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവും യമനിലെ യുദ്ധവും ഉൾപ്പെടെയുള്ള കാര്യങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി യുഎസ്-സൗദി ബന്ധം മോശമായിട്ടായിരുന്നു തുടർന്നിരുന്നത്. ഇപ്പോൾ യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്നത്.
അമേരിക്കയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി രാജകുമാരൻ യുഎസിൽ 600 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനും തയ്യാറായിട്ടുണ്ട്. പൂർണ്ണമായും എണ്ണയിൽ വേരൂന്നിയിരുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര തലത്തിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്. കൂടാതെ സൗദിയുടെ മുൻ നയങ്ങളെ അപേക്ഷിച്ച് സമീപ വർഷങ്ങളിൽ സൗദി അറേബ്യ ആഗോള സംഘർഷങ്ങളിൽ നിഷ്പക്ഷത പാലിക്കുന്ന നയങ്ങൾ സ്വീകരിക്കാനും ശ്രമിക്കുന്നുണ്ട്. യമനിലെ ഹൂതികളുമായി വർഷങ്ങൾ നീണ്ടുനിന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും സൗദി കിരീടാവകാശി നടത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കാനും സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.
ചൊവ്വാഴ്ച യുഎസും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ആതിഥേയത്വത്തിനപ്പുറം ഒരു മധ്യസ്ഥ പങ്ക് വഹിക്കുകയാണ് സൗദി അറേബ്യ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാതെ പെട്രോളിയം നിക്ഷേപം കൊണ്ട് മാത്രം ഇനിയുള്ള കാലം മുന്നോട്ടുപോകാൻ ആവില്ല എന്ന് സൗദി കിരീടാവകാശിക്ക് ബോധ്യമുണ്ട്. ഈ കാരണത്താൽ തന്നെ അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് സൗദി അറേബ്യ നടത്തുന്നത്. കൂടാതെ സൗദിയിലെ പരമ്പരാഗത രീതികളിൽ നിന്നും മാറി കായികമേളകളും സംഗീത മേളകളും പോലും സംഘടിപ്പിക്കപ്പെടുന്നുമുണ്ട്. യുഎസുമായുള്ള സൗദിയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ അധ്യക്ഷനായ ഒരു സ്ഥാപനത്തിൽ സൗദി അറേബ്യ 2 ബില്യൺ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞയാഴ്ച റഷ്യൻ കസ്റ്റഡിയിൽ നിന്ന് അമേരിക്കൻ അധ്യാപകൻ മാർക്ക് ഫോഗലിനെ മോചിപ്പിക്കുന്നതിലും സൗദി കിരീടാവകാശി പ്രധാന പങ്ക് ആയിരുന്നു വഹിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രംപ്-പുടിൻ കൂടിക്കാഴ്ചക്കും സൗദി അറേബ്യ മുൻകൈ എടുക്കുന്നത്.
Discussion about this post