മലപ്പുറം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇഡിയുടെ പരിശോധന. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് മലപ്പുറത്ത് ഇഡി സംഘം എത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മലപ്പുറത്തിന് പുറമേ തിരുവനന്തപുരത്തെ എസ്ഡിപിഐ ഓഫീസിലും ഇഡി സംഘം എത്തിയെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ ആയിരുന്നു അപ്രതീക്ഷിതമായി ഇഡി സംഘം എസ്ഡിപിഐ ഓഫീസുകളിൽ എത്തിയത്. മൂന്ന് ഓഫീസുകളിലാണ് പരിശോധന എന്നാണ് വിവരം. ഓഫീസുകളിൽ നിന്നും നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ആണ് ഇഡി പരിശോധിക്കുന്നത്. കേരളത്തിന് പുറമേ ഡൽഹി ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സമാഹരിച്ച പണം എസ്ഡിപിഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ പണം വിവിധ ആവശ്യങ്ങൾക്കായി എസ്ഡിപിഐ ഉപയോഗിച്ചതായി ഇഡിയ്ക്ക് വ്യക്തമായിട്ടുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്‌ക്കെല്ലാം എസ്ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
എസ്ഡിപിഐയ്ക്ക് വേണ്ടി വിദേശനിക്ഷേപം ഉൾപ്പെടെ പോപ്പുലർഫ്രണ്ട് സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോടിക്കണ പണമാണ് ഇത്തരത്തിൽ സമാഹരിച്ചതെന്നും ഇഡി അറിയിക്കുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സമാഹരിച്ച പണത്തിന്റെ വിവിഹം ഫൈസിയും വാങ്ങിയിട്ടുണ്ടെന്ന് ഇഡിയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെ ആയിരുന്നു കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ വിമാനത്താവളത്തിൽ നിന്നും അതിവിദഗ്ധമായിട്ടായിരുന്നു ഫൈസിയെ ഇഡി കസ്റ്റഡിയിൽ എടുത്തത്.
Discussion about this post