തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കുന്ന ശുഭ്മാൻ ഗിൽ സച്ചിനും കോഹ്‌ലിയും ഒഴിച്ചിട്ട ആ സിംഹാസനത്തിലേക്ക് ഇരിക്കാനുള്ള യാത്രയിലാണ് ഇപ്പോൾ. ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത താരം ഭാവിയിൽ മറ്റുള്ള രണ്ട് ഫോർമാറ്റിലും ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. ഗില്ലിന്റെ ബ്രാൻഡ് ഇമേജ് അനുദിനം വളരുന്ന ഈ കാലത്ത് അയാൾ ധരിക്കുന്ന 77-ാം നമ്പർ ജേഴ്‌സിയെക്കുറിച്ച് അറിയാനുള്ള കൗതുകം പലർക്കുമുണ്ട്. ഇന്ത്യയ്‌ക്കോ ഐപിഎല്ലിൽ ഗുജറാത്തിനോ കളിക്കുകയാണെങ്കിലും, ഗിൽ 77-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് ഇറങ്ങുന്നത്.
ക്രിക്കറ്റ് താരങ്ങൾ ധരിക്കുന്ന ജേഴ്സി നമ്പർ വെറുമൊരു ജേഴ്‌സിയോ നമ്പറോ അല്ല, അവരെ സംബന്ധിച്ച് എന്തെങ്കിലും ബന്ധമുള്ള അക്കമായിരിക്കും മിക്കവർക്കും അവരുടെ ജേഴ്സി നമ്പർ. ശുഭ്മാൻ ഗില്ലിന്റെ കാര്യത്തിൽ, 77 എന്നത് വളരെ സ്പെഷ്യൽ ആണ്. ആദ്യം, ശുഭ്മാൻ ഇതിഹാസ ക്രിക്കറ്റ് കളിക്കാരനായ എം.എസ്. ധോണിയുമായി ബന്ധപ്പെട്ട പ്രശസ്തമായ ജേഴ്‌സി നമ്പർ 7 തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചു. ധോണിയുടെ ജനപ്രിയ ജേഴ്സി നമ്പർ തന്നെ ഇന്ന് ബ്രാൻഡ് ആണ്. മെസിയും റൊണാൾഡോയും സച്ചിനുമൊക്കെ ധരിക്കുന്ന ജേഴ്സി നമ്പർ പോലെ തന്നെ ഏവർക്കും വൈകാരികമാണ് ധോണിയുടെ 7 എന്ന ജേഴ്സി നമ്പർ.
ഗിൽ അന്താരാഷ്ട്ര മത്സരങ്ങളിലും ഐപിഎല്ലിലും പ്രവേശിക്കുന്നതിന് മുമ്പ്, ധോണി തന്നെ ജേഴ്‌സി നമ്പർ 7 തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്തിരുന്നു. അതിനാൽ തന്നെ 7 എന്ന ജേഴ്സി നമ്പർ തനിക്ക് കിട്ടില്ല എന്ന് മനസിലാക്കിയ ഗിൽ തന്റെ ജേഴ്സിയിൽ രണ്ട് തവണ 7 വരുന്ന രീതിയിൽ കാര്യങ്ങൾ സെറ്റ് ചെയ്യുക ആയിരുന്നു. വലിയ ഒരു ധോണി ഫാൻ ആയ ഗില്ലിനെ സംബന്ധിച്ച് 7 നോട് അയാൾക്ക് വികാരപരമായ അടുപ്പമുണ്ട്. ധോണിയുടെ പോലെ 77 എന്നത് ഭാവിയിൽ ആളുകൾ ഓർത്തിരിക്കാവുന്ന സംഖ്യയായി മാറ്റാൻ അയാൾ ആഗ്രഹിക്കുന്നു. അതിനായി യാത്രയിലാണ് അയാൾ ഇപ്പോൾ.
എന്തായാലും ക്രിക്കറ്റിൽ ഗില്ലിന് മുമ്പ് ഷോൺ ടെയ്റ്റ്, ഡേവിഡ് വില്ലി, കാർലോസ് ബ്രാത്‌വൈറ്റ് തുടങ്ങിയവരാണ് 77 ജേഴ്സി നമ്പർ ധരിച്ച മറ്റുള്ള പ്രമുഖർ.
Discussion about this post