2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) എംഎസ് ധോണി ഭാഗമായ വിവാദത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാനും ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) താരവുമായിരുന്ന അമ്പാട്ടി റായിഡു രംഗത്ത്. ജയ്പൂരിലെ സവൈമാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) നടന്ന സിഎസ്‌കെ മത്സരത്തിനിടെ ധോണി കോപാകുലനായി മൈതാനത്തേക്ക് കയറിയ സംഭവമാണ് അദ്ദേഹം ഓർമിപ്പിച്ചത്.
ആവേശകരമായ ഏറ്റുമുട്ടലിന്റെ അവസാന നിമിഷങ്ങളിൽ ചെന്നൈക്ക് അനുകൂലമായ നോ-ബോൾ അമ്പയർ കൊടുക്കാതെ ഇരുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മത്സരത്തിൽ അവസാന ഓവറിൽ 18 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് മൂന്നാം പന്തിൽ ധോണിയെ നഷ്ടമായി. ശേഷം രവീന്ദ്ര ജഡേജയും മിച്ചൽ സാന്റ്നറും ക്രീസിൽ നിൽക്കുന്നു. നാലാം പന്തിൽ ബെൻ സ്റ്റോക്സ് അരക്ക് മുകളിൽ ഫുൾ ടോസ് എറിഞ്ഞു. ഓൺ-ഫീൽഡ് അമ്പയർ ഉല്ലാസ് ഗാന്ധെ ആദ്യം നോ-ബോൾ വിളിച്ചു.
എന്നിരുന്നാലും, സ്ക്വയർ ലെഗ് അമ്പയർ ബ്രൂസ് ഓക്സെൻഫോർഡ് അത് ഗൗനിച്ചില്ല. ഇതോടെയാണ് കലിപ്പിൽ ധോണി ഗ്രൗണ്ടിൽ ഇറങ്ങിയത്. ഐപിഎല്ലിൽ അതുവരെ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത രീതിയാണ് കളത്തിൽ ഇല്ലാത്ത ഒരു താരം അമ്പയറുമായി സംസാരിക്കാൻ എത്തിയതും തർക്കിച്ചതുമൊക്കെ .
എന്തായാലും ആ സംഭവത്തെക്കുറിച്ച് അടുത്തിടെ റായിഡുവിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: “ഞങ്ങൾക്കും ഗ്രൗണ്ടിലേക്ക് ഓടിക്കയറി തർക്കിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ധോണിയുടെ ഭാഗത്ത് നിന്ന് ഒരു സിഗ്നലിനായി ഞങ്ങൾ താരങ്ങൾ കാത്തിരുന്നു”
മത്സരത്തിൽ സിഎസ്‌കെ നാല് വിക്കറ്റിന് വിജയിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. വിവാദത്തിന് ശേഷം എംഎസ് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ രണ്ട് കുറ്റകൃത്യം അദ്ദേഹം സമ്മതിച്ചു. ക്രിക്കറ്റ് മൈതാനത്ത് ‘ക്യാപ്റ്റൻ കൂൾ’ കോപം നഷ്ടപ്പെട്ട ചുരുക്കം ചില സംഭവങ്ങളിൽ ഒന്നായിരുന്നു അത്. ഫെയർപ്ലേ അവാർഡിനെക്കുറിച്ച് ധോണിയുടെ ആ സീസണിലെ അഭിപ്രായവും താരം ഓർത്തു. ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അമ്പയറോട് വൈഡ് സിഗ്നൽ നൽകാൻ കൈകൾ ഉയർത്തരുതെന്നും ധോണി പലപ്പോഴും തന്നോട് പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകൾ ഇങ്ങനെ:
“ചെയ്യാൻ ആണെങ്കിൽ അത് മാത്രം ചെയ്യൂ, കൈകൾ ഉയർത്തരുത്. എനിക്ക് ഫെയർപ്ലേ പോയിന്റുകൾ നഷ്ടപ്പെടും. എന്നിരുന്നാലും, അതേ വർഷം തന്നെ അദ്ദേഹം ഫീൽഡിലേക്ക് ഇറങ്ങിയതോടെ ഞങ്ങളുടെ അവാർഡും പോയി പിഴയും കിട്ടി. ഞാൻ കാരണം ഞങ്ങൾക്ക് ഫെയർപ്ലേ അവാർഡ് നഷ്ടപ്പെട്ടില്ല.”
അതേസമയം, ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് (MI) ഒരു റണ്ണിന്റെ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങി ചെന്നൈ ആ സീസമിൽ റണ്ണേഴ്സപ്പ് ആയിരുന്നു.
Discussion about this post