2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് മറക്കാനാവാത്തതാണ്. 1983ൽ കപിലിന്റെ ചെകുത്താന്മാർ ഇന്ത്യയിലേക്ക് ലോകകപ്പ് കിരീടം എത്തിച്ചിരുന്നു. ഇതിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്ക് മറ്റൊരു വിശ്വകിരീടം നേടിക്കൊടുത്തത് 2011ൽ എംഎസ് ധോണിയാണ്. ഫൈനലിൽ ശ്രീലങ്കയെ തകർത്ത് എംഎസ് ധോണിയും സംഘവും ഇന്ത്യക്ക് രണ്ടാം ഐസിസി ഏകദിന ലോകകപ്പ് ട്രോഫി നേടിക്കൊടുക്കുകയായിരുന്നു.
അന്നത്തെ വിജയവും അതിന്റെ അലയൊലികളും ഒന്നും ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലെ മനോഹര ഓർമയാണ്. സഹീർ ഖാന്റെ ഓപ്പണിങ് സ്പെൽ, ഗംഭീറിന്റെ രക്ഷകൻ ഇന്നിങ്‌സും, ധോണിയുടെ തകർപ്പൻ സിക്സുമൊക്കെ ആ ഫൈനലിലെ മനോഹര നിമിഷങ്ങളായിരുന്നു. ടൂർണമെന്റിൽ നന്നായി കളിച്ചെങ്കിലും ഫൈനലിൽ 18 റൺ നേടിയ സച്ചിൻ നിരാശപ്പെടുത്തിയിരുന്നു. എങ്കിലും അദ്ദേഹം ആയിരുന്നു ഒരു പരിധി വരെ ആ ഫൈനലിലെ ഹീറോ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റു.
2011 ലെ ലോകകപ്പ് ഫൈനലിൽ രണ്ട് തവണ ടോസിട്ട സന്ദർഭം ഉണ്ടായിരുന്നു. രണ്ട് നായകന്മാരും ടോസ് ലഭിച്ചത് തങ്ങൾക്കാണെന്ന് വിചാരിച്ചു. മാച്ച് റഫറിയുടെ നോട്ടത്തിൽ ഇന്ത്യൻ നായകൻ തീരുമാനം പറയുന്നതിന് മുമ്പ് സംഗക്കാര സംശയം പ്രകടിപ്പിക്കുകയും തനിക്കാണ് ടോസ് ലഭിച്ചതെന്ന് പറയുകയും ആയിരുന്നു. എന്തായാലും രണ്ടാമത് ടോസിട്ടപ്പോൾ അത് ലങ്കയ്ക്ക് കിട്ടുകയും അവർ ബാറ്റിംഗ് എടുക്കയും ആയിരുന്നു.
ഇന്ത്യൻ ആരാധകർക്കും താരങ്ങൾക്കും ഈ സന്ദർഭം ഞെട്ടലുണ്ടാക്കി. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കളിക്കാർ സംഗക്കാരയുടെ കുതന്ത്രങ്ങളിൽ രോഷാകുലരായി. ഫൈനൽ പോലെ ഏറ്റവും വലിയ സന്ദർഭത്തിൽ നിന്ന് ശ്രദ്ധ മാറി പോകുന്നതിലേക്ക് ഇത് നയിച്ചു. ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരനായ സച്ചിൻ, മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ജീവിതത്തിലെ ഏറ്റവും വലിയ അവസരം നെഗറ്റീവ് കാര്യങ്ങൾ കാരണം നശിപ്പിക്കാൻ അനുവദിക്കരുതെന്നും കളിക്കാരോട് ആവശ്യപ്പെട്ടു.
സച്ചിൻ ശരിയായ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ, കളി ആരംഭിക്കുന്നതിന് മുമ്പുതന്നെ ശ്രീലങ്കയ്ക്ക് ഒരു മുൻതൂക്കം നൽകുന്ന ലെവലിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നു.













Discussion about this post