സഞ്ജു സാംസന്റെ ടി 20 യിലെ കണക്കുകളും നേടിയ റൺസുമൊക്കെ കണ്ടാൽ ഇയാൾ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് എന്ന് നമുക്ക് ഉറപ്പായിട്ടും തോന്നും. എന്നാൽ പലപ്പോഴും ബെഞ്ചിലിരിക്കാനാണ് മലയാളി വിക്കറ്റ് കീപ്പറുടെ യോഗം എന്നും പറയാം. കഴിഞ്ഞ വർഷം അഭിഷേക് ശർമ്മക്കൊപ്പം മികച്ച രീതിയിൽ ഓപ്പണിങ്ങിൽ ഇറങ്ങി കൂട്ടുകെട്ടുകൾ തീർത്തു മുന്നേറിയ സഞ്ജു ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിച്ച നിമിഷമായിരുന്നു ബിസിസിഐ പോസ്റ്റർ ബോയ് ഗില്ലിന്റെ ടി 20 ടീമിലേക്കുള്ള എൻട്രി.
ഇതോടെ ഓപ്പണർ റോളിൽ തിളങ്ങിയ സഞ്ജു മധ്യനിരയിലേക്ക് താഴ്ത്തപ്പെട്ടു. തന്റെ ഏറ്റവും മികച്ച പൊസിഷൻ വിട്ട് താഴേക്കിറങ്ങിയപ്പോൾ അതൊക്കെ അയാളുടെ പ്രകടനത്തിലും പ്രതിഫലിച്ചു. അതോടെ സഞ്ജുവിന് പകരം ടീം മാനേജ്മെന്റ് വിക്കറ്റ് കീപ്പറും അതോടൊപ്പം ഫിനിഷിങ് റോളും ചെയ്യുന്ന ജിതേഷ് ശർമ്മയ്ക്ക് കീപ്പിങ് ഗ്ലൗസ് നൽകി. സഞ്ജുവിന് സ്ഥാനവും നഷ്ടമായി.
ഇന്നലെ തുടങ്ങിയ സൗത്താഫ്രിക്കക്ക് എതിരായ ടി 20 പരമ്പയിൽ ജിതേഷ് സഞ്ജുവിനെ മറികടന്ന് ടീമിലെത്തി. ഗിൽ മോശം ഫോം തുടരുമ്പോൾ പോലും അയാൾക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്താൻ തയാറാകാത്ത ടീം നിലവിലെ ഈ കോമ്പിനേഷനുമായി മുന്നോട്ട് പോകാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉള്ളത്. എന്തായാലും ഇന്നലെ നടന്ന പോരിൽ 10 റൺ നേടി പുറത്താകാതെ ഹാർദികിനൊപ്പം ഫിനിഷിങ് റോൾ ചെയ്ത ജിതേഷ് സഞ്ജുവുമായിട്ടുള്ള മത്സരത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സംസാരിച്ചു.
“സഞ്ജു ഭയ്യ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്, അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. എനിക്ക് അദ്ദേഹത്തോട് മത്സരിക്കണം, അപ്പോഴാണ് ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത്. ഞങ്ങൾ രണ്ടുപേരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ സഹോദരന്മാരെപ്പോലെയാണ്. ഞങ്ങൾ പരസ്പരം ധാരാളം അനുഭവങ്ങൾ പങ്കിടുന്നു. അദ്ദേഹം എന്നെ വളരെയധികം സഹായിക്കുന്നു”.താരം പറഞ്ഞു.
അതേസമയം ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. കട്ടക്കിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് അടിച്ചെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 74 റൺസിൽ ഒതുങ്ങുക ആയിരുന്നു. ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ സൂര്യകുമാറും കൂട്ടരും മുന്നിലെത്തി.













Discussion about this post