തൃശൂർ: പാവപ്പെട്ടവർക്ക് വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ ചാരിറ്റിയുടെ പേരിൽ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സുരേഷ് ഗോപി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എവിടെ നിന്നാണോ സഹായം തേടി വരുന്നത് അവരെയെല്ലാം അദ്ദേഹം സഹായിച്ചിട്ടുണ്ട്. മണ്ഡലം നോക്കിയോ ജില്ല നോക്കിയോ ജാതി നോക്കിയോ മതം നോക്കിയോ ഒന്നും അദ്ദേഹം പ്രവർത്തിക്കാറില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനകീയ പ്രതിരോധ ജാഥയിലുടനീളം സിപിഎം സംസ്ഥാന സെക്രട്ടറി അനാവശ്യ പ്രചാരണം നടത്തി. സുരേഷ് ഗോപി ചാരിറ്റി നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോട് കൂടിയാണെന്ന് ആരോപിച്ചു. സുരേഷ് ഗോപിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെ ഇടിച്ചുതാഴ്ത്താൻ വലിയ ഒരു ശ്രമം എംവി ഗോവിന്ദൻ നടത്തി അതാണ് സുരേഷ് ഗോപി മറുപടി പറയാൻ കാരണമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപും ഇത്തരത്തിലുളള ധാരാളം പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗോവിന്ദനും അദ്ദേഹത്തിന്റെ പാർട്ടിയും നേതാക്കളുമൊക്കെ ആയിരക്കണക്കിന് കോടി രൂപ കൈയ്യിൽ വെച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ സഹായം ഇവർ ഏതെങ്കിലും പാവപ്പെട്ടവർക്ക് നൽകുന്നുണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു.
പാവപ്പെട്ടവരുടെ വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്ന തസ്‌കര സംഘം സുരേഷ് ഗോപി അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന പണം എടുത്ത് പാവപ്പെട്ടവർക്ക് സംഭാവന ചെയ്യുമ്പോൾ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ഈ നീചമായ രാഷ്ട്രീയത്തെയാണ് സുരേഷ് ഗോപി വിമർശിച്ചത്. അത് ജനങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊളളുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ചാരിറ്റി രാഷ്ട്രീയപ്രവർത്തനമല്ലെന്നും 365 ദിവസം തൃശൂരിൽ ചാരിറ്റി നടത്തിയാലും സുരേഷ് ഗോപി വിജയിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനാണ് ജനശക്തി സമ്മേളനത്തിൽ പങ്കെടുക്കവേ സുരേഷ് ഗോപി മറുപടി നൽകിയത്.
Discussion about this post