എന്തിലും ഏതിലും വര്‍ഗ്ഗീയത തിരിയുന്നവരുടെ പറുദീസയാണ് ഇന്ന് സൈബറിടങ്ങള്‍…അത് വാര്‍ത്തയായാലും പോസ്റ്റായാലും..കമന്റായാലും… ഇത് ഭംഗിയായി മുതലെടുക്കുന്ന കുറുക്കന്മാരുടെ താവളം കൂടിയുണ്ട് സൈബറിടങ്ങളുടെ അധോലോകങ്ങളില്‍… ലൗവ് ജിഹാദും, പീഡനങ്ങളും, ന്യൂനപക്ഷ അവഹേളനവും..അങ്ങനെ വിശാലമായ തുരുത്തുകളില്‍ പാതിരായ്ക്കും നട്ടുച്ചയ്ക്കും കുറുനരികള്‍ വേട്ടക്കിറങ്ങും…വലിച്ചു കീറും ചോര കുടിയ്ക്കും.. ഇപ്പോള്‍ അടുത്ത് നടന്ന ചില സംഭവങ്ങള്‍ നോക്കാം.
.ഗുജറാത്ത് സ്വദേശിയായ മുസ്ലിം യുവാവിന് ഒരു കമ്പനി തൊഴില്‍ നിഷേധിക്കുന്നു..മുസ്ലിമുകള്ക്ക് ഇവിടെ ജോലി നല്‍കില്ല എന്നാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്. വിഷയം സോഷ്യല്‍ മീഡിയകളില്‍ ഇരമ്പി..കുറുനരികള്‍ ഓളിയിട്ടെത്തി…മോദി ഭരിയ്ക്കുന്ന നാട്ടില്‍ ഇതെല്ലാം നടക്കുമെന്ന മട്ടില്‍ ചോരകുടിച്ച് ആഹ്ലാദിച്ച് തിമിര്‍ത്തു പലരും..ഇത്തരത്തില്‍ തൊഴില്‍ നിഷേധിച്ചതിന് മോദി എന്ത് പിഴച്ചു എന്നെങ്ങാനും പോസ്റ്റിയവനെ ഫാസിസ്റ്റ് പിന്തുണക്കാരനും, ഹിന്ദു വര്‍ഗ്ഗീയ വാദിയുമായി കടിച്ച് കുടഞ്ഞു..പലരും ജീവനും കൊണ്ട് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. ചോര പൊടിഞ്ഞാലും വേണ്ടില്ല എന്ന മട്ടില്‍ ചിലരും കളത്തിലിറങ്ങി. മുസ്ലിങ്ങളും, കൃസ്ത്യാനികളും മാത്രം അപേക്ഷിച്ചാല്‍ മതി എന്നിങ്ങനെയുള്ള കേരളത്തിലെ ചില സ്ഥാപനങ്ങളുടെ പരസ്യപകര്പ്പുകളുമായി പലരും രംഗത്തിറങ്ങി.
മുസ്ലിങ്ങള്‍ക്ക് മാത്രമായി സംവരണം എന്ന പേരിലുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങളുെ സൈബറിടത്ത് പാറിപറന്നു…ഓരോരുത്തര് മതേതരത്വം തെളിയിക്കാന്‍ ഇനി മതം നോക്കി ആളെ വെക്കേണ്ടി വരുമോ എന്ന ആശങ്ക മാത്രം ബാക്കി.. നായര്‍ നായര്‍ക്കും, നമ്പൂതിരി നമ്പൂതിരിയ്ക്കും, കൃസ്ത്യാനി കൃസ്ത്യാനിയ്ക്കും, മുസ്ലിം മുസ്ലിമിനും നമ്മടെ ആള്ക്കാര് എന്ന പരിഗണന നല്‍കുന്നത് തെറ്റല്ലെങ്കിലും അങ്ങനെ തുറന്ന് പറയുന്നത് ശുദ്ധമായ വിവരക്കേടല്ലേ..? ആ വിവരക്കേടിനാണ് ഇവിടെ മോദിയ്ക്ക് കണക്കിന് കിട്ടിയത്. മുസ്ലിം പേരുള്ളത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ പലര്‍ക്കും പ്രത്യേക പരിഗണന കിട്ടുന്നത് പോലെ, മുസ്ലിം നാമധാരികള്‍ക്ക് പല കൃസ്തീയ രാജ്യങ്ങളിലും ശരീര പരിശോധന വരെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് വാസ്തവം..
ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞില്ല അടുത്ത വാര്‍ത്ത സൈബറിടങ്ങളില്‍ തെളിഞ്ഞു. മുസ്ലിമായതിന്റെ പേരില്‍ മുംബൈയില്‍ യുവതിയെ ഫ്ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു എന്ന വാര്‍ത്തയായിരുന്നു പുകില്. മുസ്ലിംമതത്തില്‍ പെട്ടവര്‍ക്ക് ഫ്ലാറ്റില്ലെന്നും, തങ്ങള്‍ പറയുന്നത് കേട്ട് നിന്നാല്‍ മാത്രം ഫ്ലാറ്റില്‍ തുടരാം എന്നും വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ഫ്ലാറ്റിന്റെ നടത്തിപ്പുകാര്‍ പറഞ്ഞുവെത്രേ..? മിസ്ബ ഖാദ്രിയാണ് പരാതിക്കാരി..സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു പോര് തുടങ്ങി. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി ഇതൊന്നുമല്ലെന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. ആവശ്യമായ രേഖകള്‍ കൈമാറാതിരുന്നതാണേ്രത യുവതിയെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്. സംഗതി വിവാദമാകുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടിയ്ക്ക് എതിരെ ബ്രോക്കര്‍ പരാതി നല്‍കിയിരുന്നുവെന്ന് പോലിസ് പറയുന്നു. ആവശ്യമായ രേഖകള്‍ കൈമാറാന്‍ പെണ്‍കുട്ടി തയ്യാറായില്ല എന്നാണ് ഇന്‍സ്പെക്ടര്‍ സയാജി റാവുവും പറയുന്നത്. താമസക്കാരി മുസ്ലിമായതില് കെട്ടിടം ഉടമയ്ക്കോ മറ്റ് താമസക്കാര്‍ക്കോ പ്രശ്നങ്ങളുള്ളതായി റിപ്പോര്‍ട്ടില്ല എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ചവാന്റെ ഭാഷ്യം.
വിവാദമുണ്ടാക്കിയ പെണ്‍കുട്ടി വാര്‍ത്തയില്‍ പറഞ്ഞിരുന്നത് പോലെ മോഡലല്ല, ജേണലിസ്റ്റാണ്…സജീവ ആം ആദ്മി പ്രവര്‍ത്തകയാണ് പെണ്‍കുട്ടി എന്നിങ്ങനെ പോകുന്നു…ഇപ്പോഴത്തെ വാര്‍ത്തകള്‍. ഇതെല്ലാം വാസ്തവമെങ്കില്‍ എന്തായിരുന്നു വാര്‍ത്ത കെട്ടിച്ചമച്ചവരും, അത് കൊട്ടിഘോഷിച്ചവരും ഉദ്ദേശിച്ചത്..കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുത്തോടിവര് ഇതെല്ലാം പരിശോധിക്കുന്നുണ്ടോ എന്തോ..?
വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ശിലാലിഖിതങ്ങള്‍ പോസ്റ്റി..പരസ്പരം കോര്‍ത്ത് നിര്‍വൃതിയടയുന്ന പലരുമാണ് സോഷ്യല്‍ മീഡിയകളില്‍ ഇന്ന് സജീവം.തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത പ്രതികരണം നടത്തുന്നവരെ സംഘിയാക്കിയും, കമ്മിയാക്കിയും, സുടാപ്പിയാക്കിയും ഇവര്‍ മൂലയ്ക്കൊതുക്കും…തങ്ങള്‍ക്ക് ആവശ്യമുള്ള മതസൂക്തങ്ങളും, ആത്മീയ സന്ദേശങ്ങളും അങ്ങോട്ടുമിങ്ങോട്ടുമായി തൊടുക്കും.ഗതികെട്ടാല്‍ തെറിവിളിച്ച് അന്തരീക്ഷം മലിനമാക്കും… ഇപ്പോള്‍ പലപ്പോഴായി ഇത്തരം സോഷ്യല്‍ മീഡിയ വിഷയങ്ങള്‍ തെരുവില്‍ വരെ എത്തിച്ചേരുന്നു . ഒരുതരത്തില്‍ പറഞ്ഞാല്‍ അത്തരത്തില്‍ മലീമസമായ അന്തരീക്ഷത്തില്‍ സ്വയം അഴുകി തെളിയുന്നവരാണ് സോഷ്യല്‍ മീഡിയകളിലെ പല ജേതാക്കളും… എന്തായാലും അഴുക്കുകള്‍ വാരിവിതറി വെടക്കാക്കി തനിയ്ക്കാക്കാനുള്ള ശ്രമങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ നിരവധി പേര് പതുങ്ങിയിരുപ്പുണ്ട്. അവരിലൊരാളാവാതെ മാറി നില്ക്കുന്നതേ കലികാല സോഷ്യല്‍ മീഡിയ യുഗത്തില്‍ വലിയ പുണ്യം.
Discussion about this post