തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ജനത്തിന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തലശ്ശേരിയില്‍ സ്വന്തം പാർട്ടിക്കാരന്റെ ജീവൻ രക്ഷിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് എൻ ഷംസുദ്ധീൻ എംഎല്‍എ പരിഹസിച്ചു. കേരളത്തിലെ സ്ഥിതി ഭയാനകമാണ്. ടിപി കേസ് പ്രതികൾ എല്ലാം ഇപ്പോൾ പുറത്താണ്. അനുപമയുടെ കേസ് അടക്കം പോലീസിന്‍റെ വീഴ്ചയാണെന്നും ഷംസുദ്ധീന്‍ പറഞ്ഞു.
നിയമസഭയിൽ നടന്ന വാഗ്വാദങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായ ചർച്ചകൾ നടന്നു. കേരളത്തിലെ അക്രമങ്ങളെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ അഭിപ്രായത്തോട് ഇവിടത്തെ നിഷ്പക്ഷ ജനസാമാന്യം യോജിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ യോഗിയുടെ വാക്കുകളെ വിദ്വേഷ തിമിരം ബാധിച്ച പ്രതിപക്ഷം പോലും തള്ളിപ്പറഞ്ഞതായും ചിലർ ചൂണ്ടിക്കാട്ടി.
Discussion about this post