ആലപ്പുഴ: പരുമല കൂട്ടക്കൊലയ്ക്കെതിരെ എഴുതിയ കവിത 23 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച് കവി കല്ലറ അജയൻ. 1996ൽ പരുമല പമ്പാ കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്ത്, കിം കരുണാകരൻ എന്നിവരെ എസ് എഫ് ഐ പ്രവർത്തകരും കോളേജിന് പുറത്ത് നിന്നും വന്ന സിഐടിയു- സിപിഎം ഗുണ്ടകളും ചേർന്ന് വളഞ്ഞിട്ട് മാരകമായി മർദ്ദിച്ചു. ഒടുവിൽ രക്ഷയ്ക്കായി പമ്പാ നദിയിലേക്ക് ചാടിയ മൂവരെയും കരയിൽ നിന്ന രാക്ഷസക്കൂട്ടം ഇഷ്ടിക കൊണ്ട് എറിഞ്ഞ് നദിയിലേക്ക് താഴ്ത്തി നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആ സംഭവം പശ്ചാത്തലമാക്കി രചിച്ച കവിതയാണ് ‘ഇരുട്ടുപക്ഷം‘.
1996ൽ പരുമല പമ്പാ കോളേജിൽ 3 വിദ്യാർത്ഥികളെ എബിവിപിയിൽ അംഗങ്ങളായിരുന്നു എന്ന കാരണത്താൽ അതിമൃഗീയമായി പമ്പാ നദിയിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുണ്ടായി. അന്ന് താൻ ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും വല്ലാത്ത വേദനയും അമർഷവും തോന്നിയിരുന്നുവെന്ന് കവി പറയുന്നു. അന്നെഴുതിയതാണ് ഈ കവിത. 23 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇതു പ്രസിദ്ധീകരണത്തിന് നൽകുന്നതെന്ന് കവി കല്ലറ അജയൻ അവതാരികയിൽ രേഖപ്പെടുത്തുന്നു.
ഇരുട്ടുപക്ഷം
ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലം കണ്ണാണോ?
ഇടംകുത്തി വലംകുത്തി ഇടനെഞ്ചില്‍ ചുടുചോര
ക്കടല്‍തീര്‍ക്കെ, അകംകണ്ണും പുറംകണ്ണും
ഇമപൂട്ടിത്തുരുമ്പിക്കേ, വെറും സാക്ഷിയവരെന്റെ
മടിക്കുത്തില്‍ തൊഴിച്ചിട്ടും മനംകൂട്ടിപ്പിടിച്ചിട്ടും
ചിരിച്ചന്തം തിളപ്പിച്ചിട്ടൊരുചോദ്യമെറിയുന്നു.
ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലംകണ്ണാണോ?
ചിതല്‍ചിത്തം ചിതംകെട്ടു മരവിച്ചുചിറികോട്ടി
ഇരുള്‍ക്കെട്ടിലടിയുമ്പോള്‍ ഇനിച്ചൊല്ലാന്‍ വിരുത്തങ്ങള്‍
മൃദുരാഗപ്പൊരുത്തങ്ങളറിയില്ല.
വശംകെട്ടു മനംകെട്ടു മടങ്ങുമ്പോളിരു കൈയാല്‍
തടഞ്ഞും കൊണ്ടൊരു ചോദ്യം കൊരുക്കുന്നുണ്ടേ
ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലങ്കണ്ണാണോ?
ഇടങ്കയ്യില്‍ തിളങ്ങുന്ന കടും ചോരക്കറ തന്റെ
വലങ്കയ്യില്‍ വരിപ്പുകളരിഞ്ഞതല്ലേ!
ഇടങ്കണ്ണും വലങ്കണ്ണും തുറിച്ചുകൊണ്ടൊരുനാളില്‍
പെരുംജീവന്‍പടിമെല്ലെക്കടന്നുപോയാല്‍
അവര്‍ക്കില്ലാ നമുക്കില്ല വിതുമ്പുന്നോര്‍ക്കാര്‍ക്കുമില്ല
ഇളം കൂമ്പിന്നിനിയുള്ള പടലയില്ല.
മിഴിക്കുമ്പിള്‍ നിറച്ചെണ്ണയൊഴിച്ചും കൊ-
ണ്ടരക്കില്ലത്തളത്തിങ്കലിരിപ്പുണ്ടമ്മ.
അവള്‍ക്കുള്ളിലെരിയുന്ന വിളക്കുണ്ടല്ലോ
കടലോളം കരളുള്ള കറുമ്പിത്തള്ള.
ചുവര്‍നീളെ പടംവച്ച മുറിയൊന്നിന്‍
കരിയിട്ട നിലം തന്നില്‍ നിനക്കായി
വിരിച്ചിട്ട പരമ്പിന്റെ വിളിയാലച്ഛന്‍
ഇടം കൈയില്‍ പിടിച്ചൂട്ടും വലംകൈയിലെരിയുന്ന
മുറിബീഡി മുനയില്‍ത്തന്‍ മനസ്സുമായി
മകന്‍പോയ വഴിനോക്കി വരണൊണ്ടച്ഛന്‍
അവര്‍ക്കില്ലാ മറുപടി എനിയ്‌ക്കെന്നോടൊട്ടുമില്ല
പുതപ്പിച്ച തുണിയൊന്നിന്നടിയിലുണ്ടവര്‍ക്കുള്ള
തിളയ്ക്കുന്ന മറുപടി ഉരയ്ക്കാന്‍ വയ്യ!
ഇടംകൈയായിടനെഞ്ചില്‍ വലംകൈയാനെറുകയില്‍
അമര്‍ത്തിക്കൊണ്ടലറുന്ന പൊരിഞ്ഞപ്രാണന്‍
എന്റെ മിഴിമുനയെരിച്ചും കൊണ്ടുഴിഞ്ഞു നില്‌ക്കേ
അവര്‍ ചൂണ്ടിചുവപ്പിച്ചു മുടിഞ്ഞചോദ്യം
”ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ?”
ഇടങ്കണ്ണാണോ വാക്ക് വലം കണ്ണാണോ
ഇടത്തും നേര്‍ വലത്തും ഞാന്‍ ചുഴിഞ്ഞുനോക്കി
ഇടം ശൂന്യം വലം ശൂന്യം എനിക്കുള്ള വഴിയാകെ
കുരുക്കുന്നോരിരുട്ടിന്റെ ചുണങ്ങു പൂക്കള്‍
ഇടത്തല്ല വലത്തല്ല നടുക്കുമിന്നെനിക്കല്ല
ഒടുക്കം ഈ തുരുത്തിങ്കലിരുട്ടത്താണേ
ഞാനിന്നിരുട്ടത്താണേ ഞാനിന്നിരുട്ടത്താണേ!
Discussion about this post