പട്ന: ബിഹാറിലെ നെവാഡയിൽ നടത്തിയ റാലിയിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ഇനി ഒരു കാലത്തും ബിജെപി സഖ്യമുണ്ടാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
ജെഡിയുവിനെ ബിജെപി എൻഡിഎയിൽ ചേർക്കുമോ എന്ന കാര്യത്തിൽ ആർക്കും ഇനി സംശയം വേണ്ട. ജെഡിയുവിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞ് കഴിഞ്ഞുവെന്ന് അമിത് ഷാ വ്യക്തമാക്കി.
ബിഹാറിലെ ജെഡിയു- ആർജെഡി സഖ്യത്തെ അമിത് ഷാ നിശിതമായി വിമർശിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ചരിത്ര വിജയം ആവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിഹാറിലെ ജെഡിയു- ആർജെഡി അവസരവാദ അഴിമതി സഖ്യം തകരും. ഇതോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ മോഹം സ്വപ്നം മാത്രമായി അവശേഷിക്കും. 2024ൽ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
2024ൽ ബിജെപിക്ക് ലോക്സഭാ സീറ്റുകളും 2025ൽ സംസ്ഥാനത്ത് അധികാരവും നൽകിയാൽ കലാപകാരികളെ തൂക്കിലേറ്റും. ബിഹാറിൽ ഇപ്പോഴും ലാലു പ്രസാദ് യാദവ് സ്ഥാപിച്ച ജംഗിൾ രാജ് ആണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് സമാധാനം എന്നത് കിട്ടാക്കനിയായിരിക്കുന്നു. ബിഹാറിൽ ശ്രീരാമ നവമി ഘോഷയാത്രക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
നേരത്തേ, ശ്രീരാമ നവമി ഘോഷയാത്രക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാർ ഗവർണർ രാജേന്ദ്ര അർലേകറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില ഗവർണർ അമിത് ഷായെ ധരിപ്പിച്ചു.
Discussion about this post