പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. മാസപ്പടി കൊടുത്തെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്. പിന്നെ ഇപി ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
മാർട്ടിന്റെ മാസപ്പടിയുൾപ്പെടെ ജയരാജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഗോവിന്ദൻ മാഷും പാർട്ടി സെക്രട്ടറിയേറ്റും മാസപ്പടിയെക്കുറിച്ച് മിണ്ടരുതെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഗോവിന്ദനിപ്പോൾ ഭജഗോവിന്ദം ആണ്. രാമ രാമ രാമ എന്ന് ജപിക്കുന്നതുപോലെ പിണറായി വിജയനെ സ്തുതിച്ച് വിജയ വിജയ വിജയ എന്ന് പറഞ്ഞിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണോയെന്നും സുരേന്ദ്രൻ ചോദിച്ചു. മാസപ്പടിയുടെ അപ്പോസ്തലൻമാരാണ് ഐഎൻഡിഐഎ മുന്നണി. ഇൻഡിയ മുന്നണിക്കെതിരായ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. അത് ജനങ്ങളുടെ മുൻപിൽ വിശദീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പളളിയിൽ കോൺഗ്രസ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന സിപിഎം ആരോപണത്തെ കെ സുരേന്ദ്രൻ പരിഹസിച്ചു തള്ളി. അവിശുദ്ധ കൂട്ടുകെട്ടുകൾ ഇവിടെ ആരാണ് ഉണ്ടാക്കുന്നതെന്ന് എത്രയോ തിരഞ്ഞെടുപ്പുകൾ തെളിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടി പ്രതിസന്ധിയിലായ കാലത്തെല്ലാം സിപിഎമ്മിന്റെ പിന്തുണയോടെയാണ് ജയിച്ചത്. പാലക്കാട് ഇ ശ്രീധരൻ പാലക്കാട് മത്സരിച്ച സമയത്ത് ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ പ്രകടനം നടത്തിയവരാണ് ഇടതുപാർട്ടിക്കാർ. മഞ്ചേശ്വരത്ത് മാരാർജിയുടെ കാലം മുതൽ സിപിഎം അവരുടെ പാർട്ടിക്ക് വോട്ട് ചെയ്യാറില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബിജെപി വിജയിക്കാൻ സാദ്ധ്യതയുളളിടത്തെല്ലാം എൽഡിഎഫും യുഡിഎഫും ആണ് അവിശുദ്ധ സഖ്യം. വികസനത്തിന്റെ കാര്യത്തിൽ ഇടതിനും വലതിനും ഒന്നും അവകാശപ്പെടാനില്ല. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് പുതുപ്പളളി മണ്ഡലത്തിലെ പതിനായിരക്കണക്കിന് ഗുണഭോക്താക്കൾ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം അനുഭവിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ നല്ല ഒരു ആശുപത്രിയോ നല്ല ഗ്രൗണ്ടോ ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post