കിംവദന്തികൾ നിർത്തൂ, താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയിൽ പ്രതികരണവുമായി തൃഷ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നും ദയവായി വ്യാജ വാർത്തകൾ അവസാനിപ്പിക്കൂ എന്നും നടി തൃഷ തന്റെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി ശാന്തരായിരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്‌സ്’’ , എന്നാണ് നടി തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തു വിട്ട പ്രതികരണം. DEAR “YOU KNOW WHO YOU ARE AND YOUR TEAM”, “KEEP CALM AND STOP RUMOURING” CHEERS! — Trish (@trishtrashers) September 21, 2023
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് യും തൃഷയും നായക നായികമാരായ ലിയോ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ ഈ പോസ്റ്റ്.
പലപ്പോഴും ഇതിനു മുമ്പും തൃഷയുടെ വിവാഹനിശ്ചയവും മറ്റു നടന്മാരുമായുള്ള വ്യാജ വിവാഹ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2015ൽ വ്യവസായിയായ വരുൺ മണിയനുമായി നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ അതിനു മൂന്നു മാസങ്ങൾക്കു ശേഷം ഇരുവരും വേർപിരിയുകയും വരുൺ നിർമാതാവായ ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തിരുന്നു.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് നടി അവസാനമായി അഭിനയിച്ചത്. അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ് റോഡ് എന്ന തമിഴ് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. ഈ ചിത്രം ഒക്ടോബർ ആറിന് തീയേറ്ററുകളിൽ എത്തും. ലോകേഷ് കനകരാജ് ചിത്രം ലിയോ യുടെ റിലീസ് ഒക്ടോബർ 19 നാണ്. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ റാം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്നിവയാണ് തൃഷയുടെ പുതിയ പ്രോജക്ടുകൾ.
Discussion about this post