ന്യൂഡൽഹി: ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഫോണുകൾ എല്ലാം ചൈനയിൽ നിന്നും വരുന്നതാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലം മാറുന്നത് അറിയാത്ത രാഹുൽ മൂഢന്മാരുടെ തമ്പുരാനാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോണുകളെല്ലാം ചൈനയിൽ നിർമ്മിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിലെ ഒരു മഹാൻ പറഞ്ഞത് ഞാൻ കേട്ടിരുന്നു. ഇവരൊക്കെ ഈ നാട്ടിൽ ഏത് കാലത്താണ് ജീവിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളെ പരിഹസിക്കുക എന്നത് കോൺഗ്രസ് നേതാക്കൾ പതിവാക്കി മാറ്റിയിരിക്കുകയാണ്. ഇവർ മൂഢന്മാരുടെ തമ്പുരാക്കന്മാരാണ്. രാഹുലിനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമർശിച്ചു.
രാജ്യത്തിന്റെ വികസനം കാണാൻ ശേഷിയില്ലാത്ത വിദേശ നിർമ്മിത കണ്ണടകളാണ് ഇക്കൂട്ടർ ധരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ന് ഇന്ത്യ എന്നതാണ് വസ്തുത. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഇരുപതിനായിരം കോടി രൂപയിൽ താഴെ മൂല്യമുള്ള മൊബൈൽ ഫോണുകൾ മാത്രമാണ് ഇന്ത്യയിൽ നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് മൂന്നര ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ ഇന്ത്യ ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മേക്ക് ഇൻ ഇന്ത്യ തിരയുന്നവർ സ്വദേശി ഉത്പന്നങ്ങളെ അവഹേളിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വോക്കൽ ഫോർ ലോക്കൽ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ഇന്ത്യയിലെ ജനങ്ങൾ ഈ ദീപാവലി നാളുകളിൽ മാത്രം വാങ്ങിക്കൂട്ടിയത് 4.4 ലക്ഷം കോടി രൂപയുടെ സ്വദേശി ഉത്പന്നങ്ങളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post