കോഴിക്കോട്; മീഡിയ വൺ ലേഖികയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയത് അനുസരിച്ച് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എത്തിയ സുരേഷ് ഗോപിക്ക് ലഭിച്ച ജനപിന്തുണയിൽ അന്തം വിട്ട് സിപിഎം. നൂറുകണക്കിന് സ്ത്രീകളടക്കമുളളവരാണ് ജനനായകന് പിന്തുണ അറിയിക്കാൻ നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
വേട്ടയാടാൻ വിട്ടുതരില്ലെന്നും കോഴിക്കോട് എസ്ജിക്കൊപ്പം എന്നുമുളള വലിയ ബാനറുമായിട്ടാണ് ബിജെപി വനിതാ നേതാക്കളും പ്രവർത്തകരും ജനനായകന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപി പ്രവർത്തകർക്കപ്പുറം സാധാരണക്കാരായ ധാരാളം പേർ സമാനമായ വികാരം പങ്കുവെച്ച് പങ്കുചേർന്നിരുന്നു.
തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയർത്തിയ കേസിനും വിവാദത്തിനും പിന്നിൽ സിപിഎമ്മിനും സർക്കാരിനും പങ്കുണ്ടെന്ന് ആദ്യം തന്നെ വിമർശനം ഉയർന്നിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ അപമര്യാദയായി പെരുമാറിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും പറഞ്ഞ് മീഡിയ വൺ ലേഖിക പരാതി നൽകുകയായിരുന്നു.
സുരേഷ് ഗോപിക്ക് ലഭിച്ച ജനപിന്തുണ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നുവെന്ന് നേതാക്കൾ തന്നെ ഉളളിൽ സമ്മതിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന സംസ്ഥാന നേതാക്കളായ എംടി രമേശ്, ശോഭ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് തുടങ്ങിയവരും സുരേഷ് ഗോപിക്ക് പിന്തുണയുമായി നേരിട്ട് എത്തിയിരുന്നു.
സുരേഷ് ഗോപി അനുകൂല തരംഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി വൈകിട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വിത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തി. മാദ്ധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഎം നിനു, കെ അരുൺ , ദീപു പ്രേംനാഥ്, കെ. ഷെഫീഖ് ജില്ലാ സെക്രട്ടറി പിസി ഷൈജു, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post