ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി മുന്നേറുമ്പോൾ തെലങ്കാനയിൽ കോൺഗ്രസാണ് മുന്നിൽ.
മദ്ധ്യപ്രദേശിൽ 52 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 48 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. രാജസ്ഥാനിൽ ബിജെപി 60 സീറ്റുകളിൽ മുന്നേറുമ്പോൾ കോൺഗ്രസ് മുന്നേറ്റം 50 സീറ്റുകളിലാണ്. ഛത്തീസ്ഗഢിൽ 31 സീറ്റുകളിൽ ബിജെപിയും 29 സീറ്റുകളിൽ കോൺഗ്രസും മുന്നേറുന്നു. തെലങ്കാനയിൽ 28 സീറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ. 20 സീറ്റുകളിൽ ബി ആർ എസ് ആണ് മുന്നിൽ.
എക്സിറ്റ് പോൾ ഫലങ്ങളിൽ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഢിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും നിലവിൽ ബിജെപിയാണ് മുന്നിൽ. ശക്തമായ ഭരണവിരുദ്ധ വികാരം അടയാളപ്പെടുത്തുന്ന ആദ്യ ഫലസൂചനകളിൽ, മുഖ്യമന്ത്രി ഭൂപേഷ് ഭഗേൽ പിന്നിലാണ് എന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
Discussion about this post