തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും ഉയർത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പോലീസാണ് ബാനറുകൾക്ക് പിന്നിലെന്ന് ഗവർണർ ആരോപിച്ചു.
ഗവർണർ താമസിക്കുന്ന സർവകലാശലാ ഗസ്റ്റ് ഹൗസിന് തൊട്ടു വെളിയിലായി, ക്യാമ്പസിനുള്ളിൽ തന്നെയാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലാതെ ഇത് സംഭവിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കുന്നു.
ഇത് കേരളത്തിൽ ഭരണഘടനാ സംവിധാനങ്ങൾ തകർച്ചയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. മുഖ്യമന്ത്രി മനപ്പൂർവം ഇത്തരം പ്രവണതകൾ പ്രകടിപ്പിച്ചാൽ അത് ഭരണഘടനാ സംവിധാനങ്ങളുടെ സമ്പൂർണമായ തകർച്ചയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നും വാർത്താ കുറിപ്പിൽ ഗവർണർ വ്യക്തമാക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനുള്ള പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേരത്തേ ആരോപിച്ചിരുന്നു. പിണറായി വിജയൻ ഇപ്പോഴും മനസ്സുകൊണ്ട് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആയിട്ടില്ല. പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി ഇപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയ്ക്ക് ഭരണകക്ഷി തന്നെ ആഹ്വാനം നൽകുകയാണ്. ഇതാണ് അവസ്ഥാ വിശേഷമെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ഗവർണർ പത്രക്കുറിപ്പ് ഇറക്കിയത്, സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്കെതിരായ ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. കാര്യങ്ങൾ ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കടുത്ത നടപടികളിലേക്ക് ഗവർണർ കടന്നേക്കുമെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു.
Discussion about this post