തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് സിപിഎമ്മും കോൺഗ്രസും. എല്ലാ കാലത്തും ഈ മാരീചവേഷം വിജയിക്കില്ലെന്നും എംടി രമേശ് പറഞ്ഞു.
ക്രൈസ്തവ മതവിഭാഗങ്ങൾ ഉയർത്തിയ ആശങ്കകൾ എന്താണ് സിപിഎമ്മും കോൺഗ്രസും കാണാതെ പോകുന്നതെന്ന് എംടി രമേശ് ചോദിച്ചു. അതിൽ അവരുടെ കുടുംബത്തിന്റെ ആശങ്കയുണ്ട്, വീടുകളിലെ പെൺകുട്ടികളുടെ ഭാവിയെക്കുറിച്ചുളള ആശങ്കയുണ്ട്, കാർഷിക വൃത്തിയെക്കുറിച്ചുളള ആശങ്കയുണ്ട് ഈ പ്രശ്‌നങ്ങളോടൊക്കെ സിപിഎമ്മിനും കോൺഗ്രസിനും എന്ത് നിലപാടാണ് ഉളളതെണെന്ന് എംടി രമേശ് ചോദിച്ചു.
കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാനും അത് പരിഹരിക്കാനും തയ്യാറാകുന്ന പാർട്ടിയാണ് ബിജെപി. എന്തുകൊണ്ടാണ് സിപിഎമ്മും കോൺഗ്രസും അവരുടെ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാൻ തയ്യാറാകാത്തത്. അല്ലാതെ അവരെ വോട്ട് ബാങ്കുകളായി കണ്ട് പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കുന്ന യന്ത്രങ്ങളായി മാറ്റാനല്ല ബിജെപി നോക്കുന്നത്. അവർ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്.
ഞങ്ങളെക്കുറിച്ചുളള തെറ്റിദ്ധാരണ നീക്കാൻ ഓരോ വീടുകളിലേക്കും പോകാൻ ബിജെപി തയ്യാറാകും. അത് ക്രിസ്ത്യൻ മതവിശ്വാസികളുടെ വീടുകളിലേക്ക് മാത്രമല്ല, മുസ്ലീം മതവിശ്വാസികളുടെ വീടുകളിലലേക്കും പോകും. ഞങ്ങൾക്ക് മുൻപിൽ തുറന്നുകിടക്കുന്ന എല്ലാ വാതിലുകളിലും ഞങ്ങൾ പോകും. ബിജെപിക്ക് ബിജെപിയുടെ നിലപാട് അനുസരിച്ചേ മുന്നോട്ടുപോകാൻ കഴിയൂവെന്നും അല്ലാതെ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ വാക്കുകേട്ടിരിക്കേണ്ട കാര്യമില്ലെന്നും എംടി രമേശ് പറഞ്ഞു.
ബിജെപിയെക്കുറിച്ച് അപവാദ പ്രചാരണം നടത്തി കേരളത്തിലെ വിശ്വാസികളുടെ മനസിൽ ബിജെപി വിരോധം സൃഷ്ടിക്കാനാണ് നാളിതുവരെ ഇവർ ശ്രമിച്ചിട്ടുളളത്. ബിജെപി നേതാക്കളെ കണ്ടാലോ സംസാരിച്ചാലോ എന്തോ വലിയ അപകടം വരാൻ പോകുന്നുവെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വം പരിശ്രമിക്കുകയാണ് നേതാക്കളെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
Discussion about this post