കോഴിക്കോട്: 2022 സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെ കേസെടുത്തു. സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദത്തിനെതിരായ സന്ദേശം ഉൾപ്പെടുത്തിയതും സൈന്യത്തെ പ്രകീർത്തിച്ചതും കേരളത്തിലെ ഇസ്ലാമിക മൗലികവാദികൾ വിവാദമാക്കിയിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമികവാദികളുടെ ആവശ്യം ഏറ്റെടുത്ത് സംഭവം വിവാദമാക്കി കലാസമിതിയെ ഒറ്റപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും ഒരേ പോലെ ശ്രമിച്ചിരുന്നു.
മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിൾ ഡയറക്ടര്‍ അനൂപ് വി ആര്‍ ആണ് പോലീസിനെ സമീപിച്ചത്. തുടർന്ന് ഇയാൾ കോടതിയെയും സമീപിച്ചു. ഇതോടെ, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം നടക്കാവ് പോലീസ് കേസെടുക്കുകയായിരുന്നു.
സ്വാഗത ഗാനത്തിലെ തീവ്രവാദവിരുദ്ധ സന്ദേശം വിവാദമാക്കി ആദ്യം രംഗത്തെത്തിയത് മുസ്ലീം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുർ റബ്ബായിരുന്നു. ഇതിന്റെ പിൻപറ്റി, സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് രംഗത്ത് വന്നു. തുടർന്ന് സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോല്‍സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുകയായിരുന്നു.
ഭീകരവാദി അക്രമം നടത്താൻ ശ്രമിക്കുന്നതും സൈന്യം അയാളെ കീഴ്പ്പെടുത്തുന്നതുമായിരുന്നു സ്വാഗത ഗാനത്തിലെ വിവാദ ഭാഗം. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് എന്നായിരുന്നു ഇസ്ലാമികവാദികൾ ആരോപിച്ചത്.
Discussion about this post